ചരിത്ര പ്രസിദ്ധമാണ് അരുവിത്തുറ തിരുനാള്‍. കേരളത്തില്‍ നിന്നും കേരളത്തിനു വെളിയില്‍നിന്നും (പ്രത്യേകിച്ച് തമിഴ് ദേശത്തു നിന്നും) നാനാജാതി മതസ്ഥരാണ് അരുവിത്തുറ തിരുനാളിന്റെ സമയത്ത് അരുവിത്തുറ വല്ല്യച്ചന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനായി ഈ ദൈവാലയം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക.
ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്സങ്കീര്ത്തനങ്ങള് 46:1
ഏപ്രില്‍ 23, 24, 25 തിയതികളിലാണ് പ്രധാനതിരുനാളുകള്‍. ഏപ്രില്‍ 24-രാം തിയതി ഈ ദൈവാലയത്തിലെത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭ്യമാകുന്നു എന്നത് അരുവിത്തുറയുടെ പ്രത്യേകതയാണ്. ഈ അധികാരം 1914-ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ നല്‌കിയിട്ടുള്ളതാണ്.
അരുവിത്തുറ പള്ളിയിലെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ദിവ്യകാരുണ്യ കേന്ദ്രീകൃതമാണ്. വെളളിയാഴ്‌ചകളില്‍ എപ്പോഴും കുര്‍ബാനയുണ്ട്. ആദ്യവെള്ളിയാഴ്‌ചകളില്‍ പത്തു വിശുദ്ധ കുര്‍ബാനയാണ് ദൈവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്നത്. 15 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ദിവസങ്ങളില്‍ 111 കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ട്. കുമ്പസാരിച്ച് വിശുദ്ധീകരണം പ്രാപിച്ചാണ് ദി ദിവ്യബലിയില്‍ പങ്കുചേരുന്നത്. നിത്യാരാധന ചാപ്പലില്‍ എന്നും രാവിലെ 8 മുതല്‍ വൈകുന്നേരം 3.45 വരെ ആരാധനയുണ്ട്. ബുധന്‍, വെളളി ദിവസങ്ങളില്‍ വല്യച്ചന്റെ നൊവേനയുണ്ട്. ശനിയാഴ്‌ചകളില്‍ സ്വര്‍ഗാരോപിതമാതാവിന്റെ നൊവേനയും.
9 ദിവസം അടുപ്പിച്ച് നൊവേനയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ ദൈവാനുഗ്രഹം ലഭിക്കുമെന്നാണ് ഭക്തരുടെ സാക്ഷ്യം. തിരുന്നാള്‍ പ്രദക്ഷണത്തില്‍ വല്യച്ചന്റെ തിരുസ്വരൂപത്തിന് ആലവട്ടവും വെഞ്ചാമരവും പിടിക്കുന്ന പതിവുണ്ട്. പ്രദക്ഷിണത്തിന്റെ മുന്‍പില്‍ കോല്‍വിളക്ക് പിടിക്കാറുണ്ട്. വല്ല്യച്ചന്റെ തിരുസ്വരൂപം ഇറങ്ങുന്നതിനു മുന്‍പ് റാഫേല്‍ മാലാഖയുടെ രൂപമിറക്കണം. ഇവര്‍ രണ്ടുപേരും തിന്മയുടെ ശക്തികള്‍ക്കെതിരെ പടവെട്ടുന്നവരാണല്ലോ. വല്ല്യച്ചന്റെ തിരുസ്വരൂപം തുടയ്‌ക്കുന്നത് വീഞ്ഞുമുക്കിയാണ്. തിരുനാള്‍ കഴിയുന്ന ദിവസം ആനയെ കുമ്പിടിക്കുന്ന ചടങ്ങുണ്ട്. നീന്തല്‍, ശയനപ്രദക്ഷിണം എന്നിവയും ഇവിടെ നേരത്തെ നിലവിലുണ്ടായിരുന്നു.